
കുണ്ടറ : കുണ്ടറയില്‍ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീളുന്നു. രാവിലെ 9 നും ഉച്ചയ്ക്ക് 11.15 നുമാണ് തീവണ്ടികള്‍ കുണ്ടറയില്‍ ക്രോസിങിനായി എത്തുന്നത്. ഈ സമയങ്ങളില്‍ കാല്‍മണിക്കൂറിലേറെ അടച്ചിടുന്ന ലവല്‍ക്രോസുകളാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
എന്‍.എച്ച്. 744 ന് സമാന്തരമായി നീങ്ങുന്ന റയില്‍പാതയില്‍ പത്തോളം ലവല്‍ക്രോസുകളാണ് കുണ്ടറയിലും പരിസരങ്ങളിലുമായുള്ളത്. ഇതില്‍ ഇളമ്പള്ളൂരും മുക്കടയും പള്ളിമുക്കുമാണ് ഏറ്റവും തിരക്കേറിയ ക്രോസിങുകള്‍. ഇവിടെങ്ങളിലെ ദേശീയപാതയോട് ചേര്‍ന്നുള്ള ലവല്‍ക്രോസിങുകള്‍ അടയ്ക്കുന്നതോടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നിര ദേശീയപാതയിലും വ്യാപിക്കുന്നു. ഇരുതീവണ്ടികളും കടന്നുപോയി ഗേറ്റുകള്‍ തുറന്നാലും കുരുക്ക് നീങ്ങുന്നതിന് മണിക്കൂറുകള്‍ വേണ്ടിവരുന്നു.
